പിറവം പുഴയുടെ സര്‍വനാശത്തിന്‌ വഴിതെളിക്കുന്ന മീനച്ചില്‍ പദ്ധതി വീണ്ടും പുര്‍ജ്ജീവിപ്പിക്കുന്നു

Jomon Piravom April 12, 2013 0

piravom river

പിറവം പുഴയുടെ സര്‍വനാശത്തിന്‌ വഴിതെളിക്കുന്ന മീനച്ചില്‍ പദ്ധതി വീണ്ടും പുര്‍ജ്ജീവിപ്പിക്കുന്നു. മുവാറ്റുപുഴയാറില്‍ നിന്നുമുള്ള വെള്ളം മീനച്ചിലാറ്റിലേക്ക്‌ കൊണ്ടുപോകുന്ന പദ്ധതി അപ്രായോഗികമായിട്ടും ഇതിന്‌ വേണ്ടി ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിച്ചിരിക്കുകയാണ്‌. മുവാറ്റുപുഴയാറിന്റെ തീരപ്രദേശമായ തൊടുപുഴ അറക്കുളത്തു നിന്നും പുഴയ്‌ക്കു കുറുകെ തടയണകെട്ടി വെള്ളം തിരിച്ചുട്ടുകൊണ്ട്‌, ഇവിടെ നിന്നും ആറര കിലോമീറ്റര്‍ ദൂരം ഭൂമിക്കടിയിലൂടെ തുരങ്കം നിര്‍മിച്ച്‌ പാലായ്‌ക്കടുത്തുള്ള മുന്നിലാവ്‌ പഞ്ചായത്തിലെ നരിമറ്റത്ത്‌ എത്തിക്കും. പിന്നീട്‌ വെള്ളം കടപ്പുഴയാറിലൂടെ മീനച്ചിലാറ്റിലെത്തിക്കുന്നതാണ്‌ പദ്ധതി. മുവാറ്റുപുഴയാറില്‍ നിന്നും പ്രതിദിനം 103 കോടി ലിറ്റര്‍ വെള്ളമാണ്‌ മീനച്ചിലാറ്റിലേക്ക്‌ തിരിച്ചുവിടുന്നത്‌. മരിച്ചുകൊണ്ടിരിക്കുന്ന പുഴകളുടെ പട്ടികയില്‍പ്പെടുത്താവുന്നതാണ്‌ മുവാറ്റുപുഴയാറെന്നുള്ള യാഥാര്‍ഥ്യം മറച്ചുവെച്ചാണ്‌ പദ്ധതിക്ക്‌ പച്ചക്കൊടി കാണിക്കുന്നത്‌. അനിയന്ത്രിതമായ മണല്‍ വാരല്‍ ഒരുവശത്ത്‌ നടക്കുമ്പോള്‍, ചിന്തിക്കാവുന്നതിലുമപ്പുറം ഇതിലെ വെള്ളവും മറുവശത്തുനിന്നും ചൂഷണം ചെയ്യുന്നു. നിരവധി കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളുമാണ്‌ ഇപ്പോള്‍ തന്നെ മുവാറ്റുപുഴയാറിനെ ആശ്രയിക്കുന്നത്‌. മറ്റ്‌ നിരവധി വമ്പന്‍ പദ്ധതികളുടെ നിര്‍മാണം നടന്നുകൊണ്ടിരിന്നു. ഈയൊരു സാഹചര്യം വിലയിരുത്തി മുവാറ്റുപുഴയാറില്‍ ഇപ്പോള്‍തന്നെ ആവശ്യത്തിനുള്ള ജല ലഭ്യതയില്ലെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.
വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്‌ പ്രിന്റ്‌ ഫാക്‌ടറിയിലേക്കും എറണാകുളം, ഇടുക്കി ജില്ലകളിലെ പത്തോളം ജലസേചന പദ്ധതികള്‍ക്കും, ഇരുപതിലധികം ശുദ്ധജല വിതരണ പദ്ധതികള്‍ക്കും വെള്ളം ശേഖരിക്കുന്നുണ്ട്‌. ജപ്പാന്‍, ചങ്ങലപ്പാലം കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി വെള്ളം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. പശ്ചിമ കൊച്ചി കുടിവെള്ള പദ്ധതിയായ ജനറത്തിന്റെ നിര്‍മാണം പിറവം ഭാഗത്ത്‌ നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം വെള്ളം മുവാറ്റുപുഴയാറില്‍ നിന്നും ശേഖരിക്കുമ്പോള്‍ പുഴ മെലിയുമെന്നുള്ളത്‌ ഉറപ്പ്‌. വേനലില്‍ പുഴ വറ്റിവരണ്ട്‌ ജലക്ഷാമത്തിനും വളിതെളിച്ചേക്കാം. മുവാറ്റുപുഴയാറിന്റെ പല ഭാഗങ്ങളിലും ഇപ്പോഴിത്‌ കാണാവുന്നതാണ്‌. ശുദ്ധജല പദ്ധതികള്‍ക്കുപോലും ആവശ്യത്തിന്‌ ജലം ലഭ്യമല്ലാതായിരിക്കുകയാണ്‌. മറ്റൊരു പ്രശ്‌നം ഓരു വെള്ളത്തിന്റെ ഭീഷണിയാണ്‌. പുഴയിലെ ജല നിരപ്പുതാഴുമ്പോള്‍ വേമ്പനാട്ട്‌ കയലില്‍ നിന്നുമുള്ള കായല്‍ ജലം പുഴയിലേക്ക്‌ കയറും. ഇപ്പോള്‍ തന്നെ ജില്ലയുടെ അതിര്‍ത്തി മേഖലയായ കോട്ടയം ജില്ലയിലെ മുളക്കുളം പ്രദേശം ഓരു വെള്ളത്തിന്റെ ഭീഷണിയുടെ നിഴലിലാണ്‌
ഇതിനേക്കുറിച്ച്‌ പഠിക്കാന്‍ 2006-ല്‍ ഇടതു സര്‍ക്കാര്‍ വിദഗ്‌ധ കമ്മറ്റിയെ നിയോഗിച്ചിരുന്നു. ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ, സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത്‌ സ്റ്റഡീസ്‌, നബാര്‍ഡ്‌, കെഎസ്‌ഇബി, ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു സംഘത്തിലുണ്ടായിരുന്നത്‌. മുവാറ്റുപുഴയാറില്‍ നിന്നും വളരെ ഉയരത്തിലാണ്‌ പാലാ ഭാഗത്ത്‌ മീനച്ചിലാര്‍ സ്ഥിതിചെയ്യുന്നത്‌. മീനച്ചിലാറ്റില്‍ വെള്ളം എത്തിക്കണമെങ്കില്‍ 20 അടിയോളം ഉയരം കൂട്ടേണ്ടിവരുമെന്ന്‌ വിദഗ്‌ധ സമിതി കണ്ടെത്തിയിരുന്നു. ഇതിലേക്ക്‌ ഇത്രയും അളവിലുള്ള വെള്ളം പമ്പ്‌ ചെയ്‌തു കയറ്റണമെങ്കില്‍ വൈദ്യുതി ചിലവ്‌ ചിന്തിക്കാവുന്നതിലുമപ്പുറമായിരിക്കും. കൂടാതെ പദ്ധതി പരിസ്ഥിതി ആഘാതത്തിന്‌ വഴിതെളിക്കുമെന്നും മുവാറ്റുപുഴയാര്‍ വറ്റി വരളുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു. സാങ്കേതിക, പരിസ്ഥിതി കാരണങ്ങളാല്‍ നിര്‍മാണയോഗ്യമല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സമിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. എന്നാല്‍ യുഡിഎഫ്‌ സര്‍ക്കാരെത്തിയപ്പോള്‍ ഈ റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞ്‌ വീണ്ടും പദ്ധതിയുമായി മുന്നോട്ടുപോകുകയാണ്‌.

Leave A Response »